Pages

Subscribe:

Thursday, February 20, 2014

നന്മയുടെ സ്പര്‍ശവുമായി ജനകീയ സിനിമ തിരിച്ചുവരുന്നു....

ബക്കര്മേത്തല
സിനിമയുടെ ജനകീയതയെക്കുറിച്ചുള്ള ഒരു കണ്‍സപ്റ്റ് മലയാളികളുടെ ചലച്ചിത്രബോധത്തിലേക്ക് കൊണ്ട് വന്നത് ജോണ്‍ അബ്രഹാം ആണ്. സിനിമയുടെ ജനകീയത വിഷയ സ്വീകരണത്തില്‍ മാത്രമല്ല അതിന്റെ നിര്‍മ്മിതിയുടെ ആദ്യവസാനം ഉണ്ടായരിക്കേണ്ട ഒരു സമീപന രീതിയാണെന്നും അതിന്റെ പ്രയോഗവല്‍ക്കരണത്തില്‍ എല്ലാതലത്തിലും അത്തരം സാദ്ധ്യതകളെ ഉപയോഗപ്പെടുത്തണമെന്നും ജോണ്‍ പറയാതെ പറഞ്ഞു വെച്ചു.'അമ്മഅറിയാന്‍' എന്ന സിനിമയുടെ സാക്ഷാത്കാരത്തോടെ ജോണ്‍ അബ്രഹാം ഇത്തരമൊരു സാദ്ധ്യതയുടെ വലിയ വാതിലാണ് അല്ല, പലവാതിലുകളാണ് മലയാള സിനിമയില്‍ തുറന്നിട്ടത്.

സിനിമയുടെ ജനകീയത എന്ന ആശയത്തിന് സിനിമയെ നൂറു ശതമാനവും വ്യവസായമെന്ന നിലയില്‍ കാണുന്നവരുടെ ഇടയില്‍ നിന്ന് അംഗീകാരം കിട്ടാതെ പോയി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.പക്ഷേ തിരസ്‌കൃതരുടെയും പാര്‍ശ്വവര്‍കൃതരുടെയും കഥകള്‍ ആവിഷ്‌കരിക്കാന്‍ മസാലക്കൂട്ടുകളില്ലാതെ,കച്ചവടക്കണ്ണുകളില്ലാതെ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും ചില പിടിച്ചുവലികള്‍,ചില പിന്‍വലിയലുകള്‍ വേണ്ടിവരാറുണ്ട്.അതിനെ മറികടക്കാന്‍ 'നിലാവുറങ്ങുമ്പോള്‍' എന്ന സിനിമയിലൂടെ സിദ്ധിക്ക് പറവൂര്‍ ശ്രമിക്കുകയാണ്.ഒന്നരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സിനിമ കഴിയുമ്പോള്‍ നമുക്ക് ബോദ്ധ്യമാവും,ഈയജ്ഞം വിഫലമായില്ലെന്ന്.

തൊഴിലെടുത്തു ജീവിക്കുന്ന വേണ്ടത്ര വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരു കടലോര ഗ്രാമത്തിലെ ജനങ്ങളുടെ സ്‌നേഹവും കാരുണ്യവും സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ഈ സിനിമയുടെ ഊര്‍ജ്ജധാര.അതിലേക്ക് ശുഭപ്രതീക്ഷയുടെ പ്രസാദാത്മകത സന്നിവേശിപ്പിച്ചുകൊണ്ടാണ് 'നിലാവുറങ്ങുമ്പോള്‍ ലക്ഷ്യപ്രാപ്തിയിലെത്തുന്നത്.ഈവിധമൊരു സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഈ ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവന്‍ പേരും ഈ സിനിമയില്‍ ഭാഗഭാക്കാവുന്നു.അഭിനയം കൊണ്ട,് മറ്റു ചിലര്‍ പശ്ചാത്തല സൗകര്യമൊരുക്കികൊണ്ട്, ഒന്നിനും കഴിയാത്തവര്‍ മനസ്സാല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്.അത് കൊണ്ട് 'നിലാവുറങ്ങുമ്പോള്‍'  എല്ലാ അര്‍ത്ഥത്തിലും ജനകീയമാവുന്നു.ജനകീയ സിനിമക്ക് ഈ കാലത്ത് നല്‍കാവുന്ന സാമാന്യം നല്ലൊരു ഉദാഹരണമാണ് 'നിലാവുറങ്ങുമ്പോള്‍' .ചായില്യം എന്ന സിനിമയെ എല്ലാ അര്‍ത്ഥത്തിലും ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു.

ഈ സിനിമിലെ നായകസ്ഥാനത്ത് പിതാവായ സുലൈമാനെയാണോ അതോ മകനായ സയിദിനെയാണോ പ്രതിഷ്ഠിക്കേണ്ടതെന്ന് ചിലപ്പോള്‍ സംശയിച്ചു പോയിട്ടുണ്ട്.നഷ്ടടബോധത്തിന്റെ  തുരുത്തില്‍ സ്വയം അലിഞ്ഞലിഞ്ഞില്ലാതാവുമ്പോഴും പ്രതീക്ഷയുടെ ഒരു തരി വെട്ടം വിദൂരതയിലെവിടെയോ മിന്നി നില്‍ക്കുന്നത് നാമറിയുന്നു.സയിദിന്റെ ഉമ്മ,എന്നേക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നീറിപ്പിടയുന്നതിന്റെ തീക്ഷ്ണത രജിത നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ഇസ്‌ലാമിക മൂല്യങ്ങളുടെ ബോധത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന സ്‌നേഹം,കാരുണ്യം,പ്രതീക്ഷ എന്നീ മൂല്യങ്ങളുടെ പ്രതിബിംബമായി ഇതിലെ സയിദ് എന്ന കുട്ടിയെ അവതരിപ്പിച്ച മാസ്റ്റര്‍ നിഷില്‍ എന്ന ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്.ശ്രീനിയുടെ നാരായണനും ബീരാന്‍കുട്ടിയുടെ മാഷും ബക്കര്‍മാടവനയുടെ അബൂക്കയും എടുത്തു പറയേണ്ടതാണ്.എഴുപതുകളിലെ തീവ്രവാദരാഷ്ട്രീയത്തിന്റെ സര്‍ഗ്ഗാത്മകതയാല്‍ ജ്വലിച്ച ജനകീയ സിനിമയുടെ മുഖം ഇന്നു തുടിക്കുന്നത് ഹിംസാത്മകതയിലല്ല.മറിച്ച് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സൗമ്യസ്പര്‍ശങ്ങളില്‍ നിന്നാണെന്നു മാത്രം.സിദ്ധിക്ക് പറവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച  ഈ ചിത്രം ചലച്ചിത്രത്തന്റെ മുഖ്യധാരാസംസ്‌കാരത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുകയും സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഇത്തരം ശ്രമങ്ങള്‍ക്ക് പിന്തുണയേകല്‍ കലാസമൂഹത്തിന്റെ  ബാധ്യതയായി ഞാന്‍ കാണുന്നു.കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സിദ്ധിക്ക് പറവൂരിന് ആകട്ടെയെന്ന് ആശംസിക്കുന്നു.

0 comments:

Post a Comment