Pages

Subscribe:

Thursday, February 20, 2014

'നിലാവുറങ്ങുമ്പോള്‍' ('ഡോള്‍ഫിന്‍' പഴയ പേര്) എറിയാടിന്റെ സിനിമ

-സബിത ടീച്ചര്-

'നിലാവുറങ്ങുമ്പോള്‍' ('ഡോള്‍ഫിന്‍' പഴയ പേര്)എന്ന ജനകീയ സിനിമ കണ്ടു. ആദ്യപ്രദര്‍ശനം തന്നെ കാണാന്‍ കഴിഞ്ഞു. എ ഗ്രേഡ് ഉണ്ട് എന്നു പറയാം. എറിയാട്-അഴീക്കോട് ഭാഗത്തെ പച്ചയായ, സ്‌നേഹം തുളുമ്പുന്ന ജീവിതം സിദ്ദീഖ് പറവൂര്‍ കാഴ്ചക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ്. എല്ലാ കാര്യത്തിലും സിദ്ദീഖ് നല്ലൊരു വര്‍ക്ക് ആണ് നടത്തിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായ സെയ്ദ്. കടലില്‍ പോയി കാണാതായ വാപ്പാടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നോക്കി വിഷമിക്കുന്നതു മുതല്‍ കാഴ്ചക്കാരെ ഹഠാദാകര്‍ഷിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. ഒപ്പം അനാഥത്വത്തിന്റെയും വൈധവ്യത്തിന്റെയും വേദനകളെ അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്.



മസ്‌കത്തില്‍ പോയി, കടല്‍പ്പണിക്കിടയ്ക്ക് കാലൊടിഞ്ഞ്, തിരിച്ച് നാട്ടില്‍ വന്ന് കടം കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ആത്മഹത്യ ചെയ്ത ഒരു മനുഷ്യന്റെ മകന്‍ സെയ്ദ് എനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം വാപ്പാനെപ്പറ്റി പറഞ്ഞപ്പോള്‍ ''ടീച്ചര്‍ക്കെന്റെ വാപ്പാനെ കാട്ടിത്തരട്ടെ?'' എന്നും പറഞ്ഞ് പേഴ്‌സില്‍നിന്ന് വാപ്പാടെ ഫോട്ടോ എടുത്ത് എന്നെ കാണിച്ച എട്ടാംക്ലാസ്സുകാരന്‍ സെയ്ദ് പേരുകൊണ്ടും ജീവിത ചുറ്റുപാടുകള്‍ കൊണ്ടും ഈ സെയ്ദുമായി സാമ്യത പുലര്‍ത്തുന്നു. എന്റെ സെയ്ദിന്റെ വല്യപ്പയും അടുത്തിടെ മരിച്ചുപോയി. മൂന്നു സെന്റ് സ്ഥലത്തിനുവേണ്ടി വിധവയായ ആ മാതാവ് നെട്ടോട്ടമോടുകയാണ്.

ഈ സിനിമ കണ്ടപ്പോള്‍ ഇത്തരം പല മുഖങ്ങളും നമ്മുടെ ഓര്‍മയിലേക്ക് ഓടിയെത്തുകയാണ്. സുലൈമാന്‍ എന്ന നല്ല മനുഷ്യന്‍ തന്റെ മകന് പകര്‍ന്നുകൊടുത്ത സദ്ചിന്തകള്‍ ഈ നാട്ടിലെ എല്ലാ വാപ്പാമാര്‍ക്കും പാഠമാകാന്‍ കഴിഞ്ഞാല്‍ അത് ഡയറക്ടര്‍ സിദ്ദീഖ് പറവൂരിന്റെ ജീവിതസാഫല്യമായി എന്ന് നമുക്ക് പറയാം. കാരണം, നല്ലൊരു ശതമാനം പിതാക്കളും ഇന്ന് മക്കളോട് നന്മ പറഞ്ഞുകൊടുക്കാന്‍ അര്‍ഹരല്ല. കള്ളിനും കഞ്ചാവിനും അടിമകളായി മാറിപ്പോയ വലിയൊരു ജനസഞ്ചയത്തിനിടയില്‍നിന്ന് സുലൈമാനെ പൊക്കിക്കൊണ്ടുവന്ന് സിദ്ദീഖ് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.

ഒരു അധ്യാപിക എന്ന നിലയ്ക്കും കുടുംബപ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാറുള്ള ഒരാളെന്ന നിലയ്ക്കും ഈ കഥയിലൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു. വിധവകളെ, അനാഥകളെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കാനും സ്‌നേഹിക്കാനും അവരുടെ കാര്യങ്ങളില്‍ ഇടപെടാനും കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതിയുണ്ട്. സാധുവെങ്കിലും നാരായണന്‍കുട്ടിച്ചേട്ടന്‍ എന്ന ശ്രീനി ആ ഭാഗം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിലും സാധുക്കളായ മനുഷ്യരെ അഭ്രപാളിയിലേക്കെത്തിക്കാനുള്ള സിദ്ദീഖിന്റെ ശ്രമം പൂര്‍ണ വിജയമാണെന്ന് പറയാം.
                                                     
എന്നെ ആകര്‍ഷിച്ച മറ്റൊരു രംഗം ഗുണ്ടകള്‍ (പുറമേ നിന്ന് കടപ്പുറത്ത് വരുന്നവര്‍) പോലുള്ളവര്‍ സൈദിനെ റാഗ് ചെയ്യുന്ന രംഗം. ഇതും കടപ്പുറത്തിന്റെ കാണാക്കാഴ്ചകളാണ്. ആ കരച്ചിലിനൊടുവില്‍ നാരായണന്‍കുട്ടിച്ചേട്ടന്‍ ആ അനാഥബാലനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ്, തന്റെ പ്രിയസുഹൃത്തായ സുലൈമാനെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുമ്പോള്‍ ജാതീയതയും വര്‍ഗീയതയും  തീര്‍ക്കുന്ന എല്ലാ മാധ്യമങ്ങളുടെ നേര്‍ക്കുമാണ് ആ ശബ്ദം പ്രതിധ്വനിക്കുന്നത്. ജാതിരാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും കളിക്കുന്ന രാഷ്ട്രീയക്കാര്‍ക്കൊക്കെ ഇതില്‍നിന്ന് പാഠങ്ങളുണ്ട്. ഞങ്ങളുടെ ജനകീയ പ്രസിഡന്റായ രമേശനും സുഹൃത്തുക്കളും സുലൈമാനെ ആദരിക്കുന്ന ചടങ്ങൊക്കെ ഒരുപാട് സന്ദേശങ്ങള്‍ വാരി വിതറിക്കൊണ്ടാണ് നീങ്ങുന്നത്. എല്ലാ കഥാപാത്രങ്ങളും ജനകീയമായവരാണെന്നതും എല്ലാവരും തങ്ങളുടെ ഭാഗം സുന്ദരമായി അഭിനയിച്ചു ഫലിപ്പിച്ചു എന്നതും എടുത്തുപറയത്തക്ക മേന്മയാണ്.


ഐഷയും മോനും ഉപ്പയും എല്ലാം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സാധാരണക്കാരന്‍ (പൈസ കൊണ്ട്) ആയ സിദ്ദീഖ് തന്റെ ഒരു സ്വപ്‌നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. കുറേ വര്‍ഷങ്ങളായി അടുത്തറിയുന്നവര്‍ എന്ന നിലയ്ക്ക് ഞാനും ഇതില്‍ ഏറെ സന്തോഷിക്കുന്നു.

രണ്ട് കുറവുകള്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നു. (എനിക്ക് തോന്നിയതാണ്; ശരിയാണോ എന്നറിയില്ല). സുലൈമാന്‍ മരിച്ചതറിയാതെ, തന്നെ മുമ്പ് വെള്ളത്തില്‍നിന്ന് രക്ഷിച്ച സുലൈമാന്റെ വീട് തിരഞ്ഞുവന്ന് ഒരു പയ്യന്‍ ഭാര്യയെയും മകനെയും കാണുന്ന രംഗം അല്പം കൂടി ഭാവാത്മകമാക്കാമായിരുന്നു. അതുപോലെ സുലൈമാന്‍ ശ്രീലങ്കന്‍ ജയിലിലുണ്ടെന്ന വാര്‍ത്ത അറിയുമ്പോള്‍ ഞങ്ങളുടെ എറിയാട് ഗ്രാമം കുറച്ചുകൂടി ആര്‍ത്തുല്ലസിക്കണമായിരുന്നു. കാരണം, ഞങ്ങള്‍ എറിയാട്ടുകാരാണ് - സ്‌നേഹിക്കാനും സഹായിക്കാനും മാത്രം അറിയാവുന്നവര്‍.

വാല്‍ക്കഷണം: ഈ സിനിമ കണ്ടപ്പോള്‍ എനിക്കും ഒരു സിനിമ എടുത്താല്‍ കൊള്ളാമെന്നുണ്ട്. ചുമ്മാ... തമാശ. ഇനിയും ഇത്തരം സംരംഭങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

വസ്സലാം,

സ്വന്തം ടീച്ചര്‍


സബിത ടീച്ചര്

0 comments:

Post a Comment